തൂഫാനുൽ അഖ്സ : മൂന്നാം 'ഇൻതിഫാദയിലെ' ഫലസ്തീനിന്റെ ഭാവി

SHARE:

                ഇസ്റാഈലിന്റെ സംഹാര താണ്ഡവം ഫലസ്തീനിലെ സാധാരണ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്ന ഹൃദയ ഭേദകവും കരളലിയിപ്പിക്കുന്നതുമായ രംഗങ്ങൾ ശാശ്വത പരിഹാരമില്ലാതെ ഇനിയും തുടരുക തന്നെയാണ്. കഴിഞ്ഞ ഒക്ടോബർ 7 ന്‌  ഫലസ്തീൻ ചെറുത്തു നിൽപ്പ് സംഘടന ഹമാസ് ഓപ്പറേഷൻ അഖ്സ ഫ്ലഡ് (തൂഫാൻ അഖ്സ) എന്ന പേരിൽ  ഇസ്റാഈൽ അധിനിവേശ മേഖലകളിൽ  നടത്തിയ ആക്രമണത്തോട് കൂടി  ആരംഭിച്ച ഫലസ്തീൻ-ഇസ്റാഈൽ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഗസ്സ അതിർത്തി മേഖലയിലും ഇസ്‌റാഈലിന്റെ പടിഞ്ഞാറന്‍ മേഖലയിലുമുള്ള 100 ലധികം കേന്ദ്രങ്ങളിൽ കര മാർഗവും കടൽമാർഗവും ആകാശമാർഗവുമെല്ലാം ഹമാസിന്റെ സൈനികവിഭാഗമായ അഖ്‌സ ബ്രിഗേഡ് നടത്തിയ കടന്നാക്രമണം അക്ഷരാർത്ഥത്തിൽ ഇസ്റാഈലിനെ ഞെട്ടിച്ചിട്ടുണ്ട്. 35 ഓളം ഇസ്റാഈലി സൈനിക ഉദ്യോഗസ്ഥരെയടക്കം ബന്ധികളാക്കിയ ഹമാസിന്റെ തന്ത്രപരമായ നീക്കത്തിൽ  ഇസ്റാഈലിന്  അഭൂതപൂർവ്വമായ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ഇസ്റാഈലി പക്ഷത്ത് നിലവിൽ രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

                    എന്നാൽ ദാക്ഷിണ്യം തൊട്ടു തീണ്ടിയില്ലാത്ത ഇസ്റാഈൽ  സർവ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും കാറ്റിൽ പറത്തി ഫലസ്തീനികൾക്കെതിരെ 20 വർഷത്തിനിടയിൽ സമാനതകളില്ലാത്ത ക്രൂരമായ നരമേധത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഗസ്സയ്ക്ക് നേരെ ഒരു ലക്ഷത്തിലധികം സൈന്യത്തെ വിന്യസിച്ച് വൈറ്റ് ഫോസ്ഫറസ് അടക്കമുള്ള  അന്താരാഷ്ട്ര നിരോധിത മാരകായുധങ്ങൾ ഉപയോഗിച്ചും  ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയുമടക്കം അടിസ്ഥാന ആവശ്യങ്ങളടക്കം തടഞ്ഞ് വെച്ചും രണ്ട് ദശലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ഗസ്സയെ കുരുതിക്കളമാക്കാനുള്ള വ്യഗ്രതയിലാണ് ഇസ്റാഈൽ .

                    ഗസ്സയ്ക്ക് നേരെ മൂന്നു ദിവസമായി ഇസ്റാഈൽ നടത്തുന്ന വ്യോമാക്രമണം  140 പിഞ്ചു കുഞ്ഞുങ്ങളടക്കം  900 ലധികം  സിവിലിയന്മാരുടെ ജീവനെടുത്തു കഴിഞ്ഞു.1.87 ലക്ഷത്തിലധികം പേർ അഭയാർത്ഥികളാവുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളുമടക്കം  നിരവധി വീടുകളും കെട്ടിടങ്ങളും വ്യോമാക്രമത്തിൽ തകരുകയും ചെയ്തു.2014 ന് ശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിതെന്ന് യു.എൻ പോലും പറയുന്നു.

                     ഫലസ്തീനിനു നേരെ ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി ക്രൂരമായ നരനായാട്ട് അഴിച്ചു വിടുന്ന ഇസ്റാഈലിന്റെ കാപാലികത ലോകം ഏറെ സാക്ഷ്യം വഹിച്ചതാണ്. നാഴികക്ക് നാൽപ്പതു വട്ടം യുഎൻ അടക്കം മുന്നറിയിപ്പ് നൽകിയിട്ടും അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽ പറത്തി നിരാംലബരായ ഒരു രാഷ്ട്രത്തെ ബോംബിട്ട് തകർത്ത് ധാർഷ്ട്യം തുടരുകയാണ് ഇസ്റാഈൽ.  


                    ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയായ ഇസ്റാഈൽ ജന്മനാട്ടിൽ അഭയാർത്ഥികളായി കഴിയാൻ  വിധിക്കപ്പെട്ട ജനതക്ക് നേരെ തങ്ങൾ നടത്തുന്ന അതിക്രമങ്ങൾ പ്രൊട്ടക്ഷൻ , ഡിഫൻസ് എന്നീ ഓമനപ്പേരുകളിട്ട്  നീതീകരണത്തിന്റെ പുകമറ സൃഷ്ടിക്കാനാണ്  ഇസ്റാഈൽ വൃഥാ ശ്രമിക്കുന്നത്.  ചെറുത്തു നിൽക്കാൻ മതിയായ ആയുധങ്ങൾ പോലുമില്ലാത്ത ജനതക്ക് നേരെ തേർവാഴ്ച നടത്തുന്ന ഇസ്റാഈൽ ആരെയാണ്  പ്രതിരോധിക്കുന്നതെന്ന് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോക മനസ്സാക്ഷിക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

                     ഗസ്സ പൂർണ്ണമായി കീഴടക്കലാണ് ഇസ്‌റാഈല്‍ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സയെ ആളില്ലാ മരുഭൂമിയാക്കി മാറ്റുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

                     ഗസ്സയിലേക്കുള്ള പാതകൾ അടച്ചും  വൈദ്യുതിവിതരണവും തടസപ്പെടുത്തിയും ഗസ്സാ നിവാസികളുടെ ജീവിതം ദുസ്സഹമാക്കാൻ കുത്സിത നീക്കങ്ങളാണ് ഇസ്റാഈൽ നടത്തുന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ ഗസ്സയിലെ ആശുപത്രികളിൽ പോലും ജനറേറ്ററിലാണ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

                    അഴിമതി ആരോപണങ്ങളിൽ ആടിയുലയുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരം  അരക്കിട്ടുറപ്പിക്കാനും ഭരണകൂടത്തിന്റെ പ്രതിഛായ സംരക്ഷിക്കാനും കനത്ത ഉപരോധം ഏർപ്പെടുത്തി ഗസ്സയെ താറുമാറാക്കാനും  അധിനിവേശം കൂടുതൽ  വ്യാപിപ്പിക്കലുമാണ്  ഭീഭത്സകമായ ഈ നരമേധത്തിലൂടെ ഇസ്റാഈൽ ലക്ഷ്യം വെക്കുന്നത്. നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോൾ സമാനമായ കോളനീകരണത്തിന്   മസ്ജിദുൽ അഖ്സയും  സമീപ പ്രദേശമായ ശൈഖ് ജറാഹും  അതിക്രമിച്ച് ഇസ്റാഈൽ നേതൃത്വം നൽകിയിരുന്നെങ്കിലും  തദ്ദേശീയർ ശക്തമായി ചെറുത്തു നിൽക്കുകയും അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കുകയും ചെയ്ത് ഇസ്റാഈലിന്  വെടിനിർത്തൽ പ്രഖ്യാപിച്ച് പിൻമാറേണ്ടിവരികയും യുദ്ധാനന്തരം,നെതന്യാഹുവിന്റെ പന്ത്രണ്ട് വർഷത്തെ സേച്ഛ്വാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുകയും ഇസ്റാഈലിൽ അറബ് കക്ഷിയടക്കം ഉൾച്ചേർന്ന പുതിയ ഐക്യ സർക്കാർ നിലവിൽ വരികയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അധികാരത്തിലേറിയ നെതന്യാഹുവിന്റെ ഭാഗത്ത് നിന്ന് എത്ര എതിർപ്പുകളുണ്ടായാലും ഒരു വെടി നിർത്തൽ പ്രഖ്യാപനം പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്ക ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിച്ച സൈനിക സഹായം വാഗ്ദാനം ചെയ്ത സാഹചര്യത്തിൽ യു.എന്നിന്റെയും അറബ് ലീഗടക്കം മുസ്ലിം രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാട് നിർണായകമാണ്.


ഫലസ്തീൻ പ്രശ്നം : ചരിത്ര നാൾവഴികൾ

                        ചരിത്രപരമായും പ്രത്യയ ശാസ്ത്രപരമായും മുസ്ലിം ക്രൈസ്തവ ജൂത വിഭാഗങ്ങൾ ഒരു പോലെ അവകാശപ്പെടുന്ന ഫലസ്തീന്റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അറബ് വംശജരായ അമൂറികളാണ് ഫലസ്തീനിലെ ആദിമ നിവാസികളെന്നതാണ് അംഗീകൃത ചരിത്രം. ബി.സി   3000 മുതൽ ഇവരുടെ വാസ കേന്ദ്രമായിരുന്നു ഫലസ്തീൻ. ദാവൂദ് നബിയുടെ നേതൃത്വത്തിൽ  ഇതിന് 2 നൂറ്റാണ്ടുകൾക്ക് ശേഷം ജൂതർ ഖുദ്സ് കീഴടക്കി (ബിസി 1000). പിന്നീട് ഇറാഖ് വംശജരായ അസൂറികളും വൻശക്തികളായ ബാബിലോണിയ്ക്കാരനായ ബുഖ്തുന്നസ്റും ബി.സി 578 ) അലക്സാണ്ട റും (ബി.സി 400)  ഫലസ്തീൻ കീഴടക്കി. ബി.സി 63 മുതൽ ഖുദ്സ് റോമക്കാരുടെ അധീനതയിലായി. ഉമർ (റ ) വിന്റെ കാലത്താണ് ഖുദ്സ് മുസ്ലിംകൾക്ക് കീഴടങ്ങുന്നത്.  പിന്നീട് കുരിശു യുദ്ധത്തിലൂടെ യൂറോപ്യൻ ക്രൈസ്തവ സേന എ.ഡി 1099 ൽ ഖുദ്സ് കീഴടക്കി. എ.ഡി 1189 ൽ സ്വലാഹുദ്ദീൻ അയ്യൂബി യിലൂടെ കുരിശു സൈന്യത്തിൽ നിന്ന് മുസ്ലിംകൾ ഖുദ്സ് തിരിച്ചു പിടിച്ചു. പിന്നീട് 1918 വരെ ഉസ്മാനിയ്യ ഖിലാഫതിനു കീഴിൽ ഫലസ്തീൻ മുസ്ലിംകളുടെ അധീനതയിൽ നിലനിന്നു .


                     ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്   ഫലസ്തീനിലെ നിലവിലെ പ്രശ്നങ്ങളുടെ ആരംഭം. സെമിറ്റിക് വിരുദ്ധതയുടെ പേരിൽ യൂറോപ്പിൽ രാഷ്ട്രീയ പീഢനങ്ങൾ നേരിട്ട ജൂതർക്ക്  ഫലസ്തീനിൽ യഹൂദ രാഷ്ട്രം  സ്ഥാപിക്കാനുള്ള  സയണിസ്റ്റ് നീക്കങ്ങളോടെയാണിത്. ആധുനിക സയണിസത്തിന്റെ പിതാവും  ജൂത രാഷ്ട്ര സങ്കൽപ്പത്തിന്റെ സൈദ്ധാന്തികനുമായ തിയോഡർ  ഹെർസൽ യൂറോപ്യൻ കൊളോണിയൽ ശക്തികളുടെ പിന്തുണയോടെ  അന്നത്തെ ഒട്ടോമൻ  ഭരണാധികാരി സുൽത്താൻ  അബ്ദുൽ ഹമീദ് രണ്ടാമനോട് ഫലസ്തീനിൽ ജൂതർക്ക് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി ജൂത രാഷ്ട്ര നിർമ്മാണ നടപടികൾക്ക് നാന്ദി കുറിച്ചു. ഫലസ്തീനിലെ ഭൂമിക്ക് പകരം ഒട്ടോമൻ സാമ്രാജ്യത്തിന്റെ മുഴുവൻ കടങ്ങളും തങ്ങൾ വീട്ടാമെന്ന്  വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഫലസ്തീൻ ജൂതർക്ക് നൽകുന്നതിലെ കൊളോണിയൽ -സയണിസ്റ്റ് ഉപജാപം തിരിച്ചറിഞ്ഞ സുൽത്താൻ അത് തള്ളിക്കളയുകയാണുണ്ടായത്.

 

                     1897ൽ സ്വിസർലാന്റിലെ ബാസിലിൽ ചേർന്ന ലോക സയണിസ്റ്റ് സമ്മേളനത്തിലൂടെയാണ് ഫലസ്തീനിലേക്കുള്ള  ജൂത കുടിയേറ്റത്തിന് തുടക്കം കുറിക്കപ്പെടുന്നത്. 50 ഓളം ജൂത സംഘടനകളുടെ നേതാക്കൾ പങ്കെടുത്ത ഈ സമ്മേളനത്തിലെ തീരുമാനങ്ങളനുസരിച്ച് ഒരു സജീവ ജൂത ഏജൻസിക്കും കുടിയേറ്റ നടപടികൾ ശക്തിപ്പെടുത്താൻ ദേശീയ ജൂത നിധിക്കും രൂപം നൽകി. ഫലസ്തീനിലെ അറബികളിൽ നിന്ന് ഭൂമി വിലക്ക് വാങ്ങുകയായിരുന്നു അവരുടെ  പ്രധാന കർമ്മ പദ്ധതി.  1903 ലാണ് ഫലസ്തീനിൽ ഇത്തരത്തിൽ ആസൂത്രിതമായ ആദ്യ ജൂത കുടിയേറ്റം  ഉണ്ടാകുന്നത്. ഇതോടെ ഫലസ്തീനിലെ ജൂത ജനസംഖ്യ 25000 ആയി ഉയർന്നു. 1918 ആയപ്പോഴേക്ക് ഇത് 60000 ആയി ഉയർന്നു. 1918ൽ കേവല 7% മാത്രമുണ്ടായിരുന്ന ജൂത ജനസംഖ്യ 1947 ആയപ്പോഴേക്ക് 37% ആയി വർധിച്ചു.അധിനിവേശത്തിന് മതകീയമാനം കൂടി നല്‍കപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂത വിഭാഗങ്ങള്‍ ഫലസ്തീനിലേക്ക് കുടിയേറി താമസമാരംഭിച്ചു. 1917 ലെ ബ്രിട്ടൻ നടത്തിയ ബാൾഫർ പ്രഖ്യാപനം  ജൂതർക്ക് ഇസ്റാഈൽ രാഷ്ട്രം തത്വത്തിൽ പതിച്ചു നൽകി.

                    രണ്ടാം ലോക മഹായുദ്ധത്തില്‍ (1945) ബ്രിട്ടീഷ് സഖ്യകക്ഷികള്‍ നേടിയ വിജയം ഫലസ്തീന്റെ കാര്യത്തില്‍ ദോഷമായി ഭവിച്ചു. യുദ്ധാനന്തരം നിലവില്‍ വന്ന ഐക്യരാഷ്ട്ര സഭ, 1947 നവംബര്‍ 29 ന്, സമാധാന ശ്രമമെന്ന പേരില്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രത്തിന് അനുമതി നല്‍കി. അതേ തുടര്‍ന്ന് 1948 മെയ് 14 ന് അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടു. 32 ശതമാനം മാത്രമുള്ള ജൂതർക്ക് 56 ശതമാനം ഭൂമിയും 68 ശതമാനമുള്ള അറബികൾക്ക് വെറും 42% ഭൂമിയും നൽകിക്കൊണ്ടുള്ള വിഭജന ശ്രമത്തെ ഫലസ്തീനികൾ നഖശിഖാന്തം എതിർത്തിരുന്നു. ലോക  രാഷ്ട്രീയത്തിൽ സയണിസ്റ്റുകളുടെ ഗൂഢവും കുത്സിതവുമായ ഇടപെടലുകളും കൊളോണിയൽ ശക്തികളുടെ നിർലോഭമായ പിന്തുണയും കൊണ്ടാണ് ജൂതന്മാർക്ക് ഇസ്റാഈൽ എന്ന സ്വപ്നം സാധ്യമാകുന്നത്. സയണിസ്റ്റ് ഉപജ്ഞാതാവ് തിയോഡർ ഹെർസലിന്റെ വാക്കുകളിൽ നിന്ന് തന്നെ അത് മനസ്സിലാക്കാം. ബാസിലിലെ സയണിസ്റ്റ് സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: "ബാസിലിൽ ജൂത രാഷ്ട്രം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. പക്ഷേ, ഇന്നു ഞാനിത് പറഞ്ഞാൽ ലോകത്തിന്റെ മുഴുവൻ പരിഹാസം ഞാനേറ്റു വാങ്ങേണ്ടി വരും. എന്നാൽ തീർച്ചയായും 50 വർഷത്തിന് ശേഷം ലോകം ഒരു ജൂതരാഷ്ട്രത്തിന് സാക്ഷിയാകും അന്നെല്ലാവരും അതിനെ അംഗീകരിക്കും". ബാസിലിലെ ഹെർസലിന്റെ പ്രവചനത്തിന്റെ പുലർച്ചയാണ് അരനൂറ്റാണ്ടിന് ശേഷം (1948 ൽ) ഇസ്റാഈൽ രാഷ്ട്രത്തിന്റെ ഉദയത്തോടെ ലോകം ദർശിച്ചത്.

സുൽത്താൻ  അബ്ദുൽ ഹമീദ് 


അപ്പാർത്തീഡിന്റെ നാൾവഴികൾ

                    യു .എൻ  വിഭജന തീരുമാന പ്രകാരം  ഇസ്റാഈൽ രാഷ്ട്രം നിലവിൽ വന്നതോടെ ഫലസ്തീനിലെ അറബ് മുസ്ലിംകളുടെ ആർത്തനാദങ്ങൾക്കാണ് വഴിയൊരുങ്ങിയത്. 1948 ലെ യുദ്ധത്തിൽ (നക്ബ) ഫലസ്തീന്റെ അധീനതയിലുള്ള 78% ഭൂമി ഇസ്റാഈൽ കീഴടക്കി. ഏഴര ലക്ഷം പേർ അഭയാർത്ഥികളായി. യുദ്ധ പൂർവ്വ ഫലസ്തീനിലെ ഏകദേശം , പകുതി പേർക്ക് കിടപ്പാടം നഷ്ടമായി.

                    1967 ലെ ആറു ദിന യുദ്ധത്തിൽ അറബ് സഖ്യസേനയെ പരാജയപ്പെടുത്തി സിറിയയിൽ നിന്ന് ജൂലാൻ കുന്നുകളും ജോർദാനിൽ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലേമും ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഗസ്സ സ്ട്രിപ്പും സിനായ്  കുന്നുകളും ഇസ്റാഈൽ പിടിച്ചെടുത്തു. 

                       അറബ് വിരുദ്ധ വംശശുചീകരണ പരമ്പരകളിൽ ഇസ്റാഈൽ ക്രൂരതയുടെ ഭീകരമുഖം പ്രകടമാക്കിയ സംഭവമാണ് 1982 ൽ ലബനാനിലെ ഫലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന ശബ്റ ശാത്തീല പ്രദേശങ്ങളിൽ  ഇസ്റാഈൽ  സേന നടത്തിയ കൂട്ടക്കൊല . 800 ലധികം പേരെയാണ് ഈ കൂട്ടക്കശാപ്പിൽ ഇസ്റാഈൽ നിർദയം കൊലപ്പെടുത്തിയത്. ഇസ്റാഈലിന്റെ ഭരണം കയ്യാളിയത് പോലും കുടില മനസ്സും തീവ്ര ജൂത വികാരം പുലർത്തുന്നവരായിരുന്നു.ഇസ്റാഈലിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിന്റെ വാക്കുകളിൽ നിന്ന് അത് വായിച്ചെടുക്കാം. 1948 ല്‍ സയണിസ്റ്റുകളെ അഭിസംബോധന ചെയ്തു കൊണ്ട് ബെന്‍ഗൂറിയന്‍ പറയുകയുണ്ടായി: ”സയണിസമെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ രാഷ്ട്ര സംസ്ഥാപനം. രാഷ്ട്രം സ്ഥാപിച്ചതിന്റെ ഫലമായി കരുത്താര്‍ജജിച്ച ശേഷം നാം ഫലസ്തീനിലേക്ക് മുഴുവനുമായി വ്യാപിക്കും. നമ്മുടെ വ്യാപനത്തിന് കളമൊരുക്കു കയാണ് രാഷ്ട്രത്തിന്റെ ദൗത്യം. ഇസ്രയേല്‍ അതിന്റെ നയം കാത്തുസൂക്ഷിക്കേണ്ടത് ആശയത്തിലൂടെയല്ല. മറിച്ച്, ആയുധങ്ങള്‍ കൊണ്ടാണ്". ഇതിനു വിരുദ്ധമായി പറയുന്നവരെയും പ്രവർത്തിക്കുന്നവരെയും ഇസ്റാഈൽ വകവരുത്തി.ഫലസ്തീന്റെ ഏക അനശ്വരമായ തലസ്ഥാന നഗരിയാണെന്ന് പറഞ്ഞ്    1982 ൽ ഓസ്ലോ കരാറിൽ ഒപ്പ് വെക്കാൻ തയ്യാറായ  മിതവാദിയായ ഇസ്റാഈൽ പ്രധാനമന്ത്രി യിത് സാക്  റബീനെ ജൂത തീവ്രവാദികൾ വെടിവെച്ചു കൊല്ലുകയാണുണ്ടായത്.

                    2000 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചതോടെയാണ്  ഇസ്റാഈൽ ഗസ്സക്ക് നേരേയുള്ള  ക്രൂരതകൾക്ക് വീര്യം വർദ്ധിപ്പിച്ചത്. ഫലസ്തീനിലെ ഹമാസിന്റെ സാന്നിധ്യം ഇസ്റാഈലിനും അമേരിക്കക്കും എന്നും കണ്ണിലെ കരടായിരുന്നു. 2006 ലെ തെരഞ്ഞെടുപ്പിൽ  ഹമാസ് വിജയിച്ചതോടെ അമേരിക്ക ഫലസ്തീന് നൽകി വരുന്ന സാമ്പത്തിക സഹായം പോലുംറദ്ദാക്കുകയുണ്ടായി


ഫലസ്തീൻ ചെറുത്ത് നിൽപ്പിന്റെ ഭാവി

                     1948 ഇസ്റാഈൽ രൂപീകരണത്തിന് മുമ്പ് തന്നെ ഫലസ്തീനിലേക്കുള്ളജൂതരുടെ അനധികൃത കടന്നുകയറ്റത്തിനെതിരെ ഫലസ്തീനികൾ ചോരയും നീരുമൊഴുക്കി പ്രതിരോധിച്ചിട്ടുണ്ട്. ഫലസ്തീനിൽ ഇസ്റാഈൽ അധിനിവേശം ആരംഭിച്ചത് മുതൽക്ക് നിരവധി ധീര പോരാളികളും വിമോചന പ്രസ്ഥാനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. അമീനുൽ ഹുസൈനി, ശൈഖ് ഇസ്സുദ്ദീൻ അൽ ഖസ്സാം , അബ്ദുൽ ഖാദർ ഹുസൈനി എന്നിവർ പ്രമുഖരാണ്.

                    ഫലസ്തീനികളെ ഏകീകരിക്കാൻ 1964 മെയ് 28 നു ചേർന്ന അറബ് ഉച്ചകോടിയുടെ ബാക്കിപത്രമായി രൂപീകൃതമായ വിമോചന പ്രസ്ഥാനമാണ് ഫലസ്തീന്‍ ലിബറലൈസേഷന്‍ ഓര്‍ഗനൈസേഷന്‍ ( പി.എല്‍.ഒ ) അതിന് മുമ്പ് സ്വതന്ത്ര്യ ഫലസ്തീൻ രാഷ്ട്രം എന്ന പരമലക്ഷ്യത്തിനു വേണ്ടി  1959 ഒക്ടോബറില്‍ സ്ഥാപിതമായ രാഷ്ട്രീയ സംഘനയാണ് ഫതഹ് പാര്‍ട്ടി.  ഹമാസും പിന്നീട് പി.എല്‍.ഒക്കു കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയുണ്ടായി. 1987 ഡിസംബർ 9, ഒന്നാം ഇൻതിഫാദക്ക് പിന്തുണ പ്രഖ്യാപിച്ച് സമര രംഗത്തേക്ക് കടന്നു വന്ന ശക്തിയാണ് ഹമാസ്(1987 ഡിസംബർ 14). 

                    1987 ലെ ഒന്നാം ഇന്‍തിഫാദക്കു ശേഷം   ഓസ്ലോ ഉടമ്പടി (1993) യിലൂടെ പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. അമേരിക്കയുടെ മധ്യസ്ഥതയില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി യിത് സാക്ക് റബീനും യാസര്‍ അറഫാത്തും ഒപ്പുവച്ച ഈ കരാർ ഫലസ്തീനെയും പി.എൽ. ഒയെയും സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു. പി.എൽ .ഒയിൽ അറഫാത്ത് അനുകൂലികളായ ഫതഹ് പാർട്ടിയൊഴിച്ച്  ഹമാസടക്കം മുഴുവൻ സംഘടനകളും ഈ കരാറിനെ ശക്തിയുക്തം എതിർത്തിരുന്നു.1998 ല്‍ ഏരിയല്‍ ഷാരോണ്‍ അധികാരത്തിലെത്തിയതോടെ കരാറില്‍ നിന്ന് പിന്നോട്ടുപോകുന്ന ജൂത രാഷ്ട്രത്തെയാണ് പിന്നീട് കണ്ടത്.

                    ഓസ്ലോ കരാർ വഴി ഇസ്റാഈലുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം  ഫലസ്തീൻ വിമോചക സംഘടനകളായ  ഫതഹിനും ഹമാസിനുമിടയിൽ അകൽച്ച വർദ്ധിപ്പിക്കാനായി എന്നതാണ്. അറഫാത്തിന്റെയും പിൻഗാമി മഹ്മൂദ് അബ്ബാസിന്റേയും നയങ്ങൾക്കെതിരെ ഹമാസ് ശക്തമായി വിയോജിച്ചു. 2014 ൽ ഫത്ഹും ഹമാസും ചേർന്ന് ഐക്യ സർക്കാർ രൂപീകരിച്ചെങ്കിലും ആശയപരമായ അഭിപ്രായ ഭിന്നതകൾ കാരണം വേർപിരിയുകയാണുണ്ടായത്. നിലവിൽ ഗസ്സ ഹമാസും റാമല്ല ആസ്ഥാനമാക്കി വെസ്റ്റ് ബാങ്ക് ഫതഹുമാണ് ഭരിക്കുന്നത്. അടുത്ത കാലത്ത് സംഭവ വികാസങ്ങളിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ്  നിലപാടുകളിൽ ഫലസ്തീനികൾക്ക് കടുത്ത അസംതൃപ്തിയുണ്ട്. ഭരണമാറ്റത്തിന് വേണ്ടി നിഷ്പക്ഷമായ തെരെഞ്ഞുപ്പ് നടത്താൻ ഫലസ്തീനികൾക്കിടയിൽ ആവശ്യം ശക്തമാണ്.

 


                    ഇസ്റാഈൽ രൂപീകൃതമായി മുക്കാൽ നൂറ്റാണ്ട്  കഴിഞ്ഞിട്ടും ഫലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടാത്ത ഒരു പ്രഹേളികയായി തുടരുകയാണ്.  കിഴക്കൻ ജറൂസലേമിൽ അധിനിവേശ വിപുലീകരണത്തിന്റെ ഭാഗമായി ഇസ്റാഈൽ ഗസ്സയിലും ശൈഖ് ജറാഹിലും സിൽവാനിലുമെല്ലാം കുടിയേറ്റ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുക തന്നെയാണ്. അന്താരാഷ്ട്ര നിയമങ്ങളെയും പശ്ചിമേഷ്യന്‍ സമാധാന കരാറുകളെയും പരസ്യമായി കാറ്റിൽ പറത്തുന്ന ഇസ്റാഈൽ  സയണിസ്റ്റ് ഭരണകൂടം നടത്തുന്ന, തേര്‍വാഴ്ചകൾക്കെതിരെ, ഗസ്സയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും കുറ്റകരമായ മൗനം ഇനിയും തുടരുകയാണ്. ‘ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിക്കാനും യു.എ നിൽ  ഇസ്റാഈലിനെതിരെ ഉയരുന്ന പ്രമേയങ്ങൾ വീറ്റോ പവറിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയാനും അമേരിക്കയുള്ള കാലത്തോളം ഇസ്റാഈലിന് ആരെയും ഭയക്കേണ്ടതില്ല. ഇവിടെ ജെറുസലേം ഇസ്രയേലിന് തീരെഴുതിക്കൊടുത്ത ട്രംപില്‍ നിന്ന് ഗസ്സയെ പിടിച്ചടക്കാൻ സൈന്യം അയച്ച് നൽകിയ ജോ ബൈഡനിൽ വലിയ മാറ്റം കാണാനാവില്ല. ഇസ്റാഈലിനെ അപലപിക്കുന്നതില്‍ കവിഞ്ഞ് ഒരു ചെറു വിരൽ പോലും അനക്കാൻ കഴിയാത്ത ലോക രാഷ്ട്ര സംഘടനയായ യു.എൻ പോലും ഇവിടെ അപ്രസക്തമാണ്. 

2018 നും 2020 നുമിടയില്‍ യു.എന്‍ പാസാക്കിയ 60 അപലപന മെമ്മോകളില്‍ 50 ലധികവും ഏറ്റുവാങ്ങിയത് ഇസ്രയേലാണ്. നാളിതുവരെ യു.എന്‍ ജനറല്‍ അസംബ്ലി പാസാക്കിയ 65 പ്രമേയങ്ങൾ ഇസ്റാഈൽ ലംഘിച്ചിട്ടുണ്ട്. ഇസ്റാഈലുമായി ബന്ധം സ്ഥാപിച്ച , നിസ്സംഗത ശീലമാക്കിയ അറബ് രാജ്യങ്ങളിൽ നിന്നും പ്രതികരണങ്ങൾ പ്രമേയങ്ങളിൽ ചുരുക്കുന്ന അപലപനങ്ങൾ ശീലിച്ചു പോന്ന അറബ് ലീഗിൽ നിന്നു പോലും ഫലസ്തീനികൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. 


ഇൻതിഫാദയുടെ ഭാവി :

                    ഖുദ്സിന്റെ മോചനവും തങ്ങളുടെ അസ്ഥിത്വം വീണ്ടെടുക്കുന്ന കാലവും സ്വപ്‌നം കണ്ട്   ഇസ്റാഈൽ വംശീയതയോട്  ഫലസ്തീനികള്‍  പൊരുതിക്കൊണ്ടേയിരിക്കും.  ആര്‍ക്കു മുമ്പിലും അടിയറവു വെക്കാത്ത ആത്മവീര്യവും പതിറ്റാണ്ടുകളുടെ പോരാട്ട പാരമ്പര്യവുമാണ് അവരുടെ കൈമുതല്‍. അധിനിവേശ മുക്തമായ സ്വതന്ത്ര്യ ഫലസ്തീൻ രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. അത് സാക്ഷാൽക്കരിക്കപ്പെടുന്നത് വരെ ഇസ്റാഈൽ 'അപ്പാർത്തീഡിനെതിരെ' 'ഇൻതിഫാദകൾ'ആവർത്തിച്ചു കൊണ്ടിരുക്കും.


                       ഇസ്റാഈൽ കുടിയേറ്റത്തിന് അറുതി വരുത്തി ഫലസ്തീനികളോടെ നീതി ചെയ്യുന്ന പരിഹാരമാണ്  കാലം ആവശ്യപ്പെടുന്നത്. ഫലസ്തീൻ പ്രദേശങ്ങളെ പുനർ നിർണയിച്ചു കൊണ്ടായിരിക്കണം ഈ പരിഹാരം.  ഓസ്ലോ കരാറിലെ വ്യവസ്ഥ പ്രകാരം , 1967 യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ  നിന്ന് ഇസ്റാഈൽ പിന്മാറുകയും  ഗസ്സയും വെസ്റ്റ് ബാങ്കും ചേർത്ത് ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയുമാണ് ഫലസ്തീൻ പ്രശ്നത്തിന്റെ  ഏറ്റവും , യുക്തമായ പരിഹാരം. അതിന് അന്താരാഷ്ട്ര സമൂഹവും യുഎന്നും രംഗത്തു വരണം .



ഫായിസ് എൻ എം എളേറ്റിൽ


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : തൂഫാനുൽ അഖ്സ : മൂന്നാം 'ഇൻതിഫാദയിലെ' ഫലസ്തീനിന്റെ ഭാവി
തൂഫാനുൽ അഖ്സ : മൂന്നാം 'ഇൻതിഫാദയിലെ' ഫലസ്തീനിന്റെ ഭാവി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiA-AidXrD2U6DlGrb4A7csfRqz_bksop883Md9ZwJjpmTaH4Qn0sKpC0liqm-w8Q0GJQqzip5EWhLFla_m_q5t8OWUOPDR47UvHszu5IpIFEGxnSqUhcjmDDQa7NuJAZQtwIRfSdjpViX7NfBqaBy2Sj5TIpWWhJRZyuPwse6Br6tJM37qcknNBMsB7pM/w640-h640/palastine.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiA-AidXrD2U6DlGrb4A7csfRqz_bksop883Md9ZwJjpmTaH4Qn0sKpC0liqm-w8Q0GJQqzip5EWhLFla_m_q5t8OWUOPDR47UvHszu5IpIFEGxnSqUhcjmDDQa7NuJAZQtwIRfSdjpViX7NfBqaBy2Sj5TIpWWhJRZyuPwse6Br6tJM37qcknNBMsB7pM/s72-w640-c-h640/palastine.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2023/10/Tufan%20al-Aqsa%20The%20Future%20of%20Palestine%20in%20the%20Third%20Intifada.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2023/10/Tufan%20al-Aqsa%20The%20Future%20of%20Palestine%20in%20the%20Third%20Intifada.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content